വയലാർ ഗ്രാമപഞ്ചായത്തിൽ സ്ത്രീ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വയലാർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വയലാർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി ഉദ്ഘാടനം ചെയ്തു.
സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചും ജാഗ്രതാ സമിതിയുടെ ഘടനയെയും പ്രവർത്തനങ്ങളെയും സംബന്ധിച്ചുമാണ് ക്ലാസ്സുകൾ നടന്നത്. വിമന്‍ പ്രൊട്ടക്ഷൻ സെല്ലിൽ നിന്നുള്ള അഡ്വ. ജിസ് ജോസ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ബി. അമിഷ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിന്റെ ഭാഗമായി ജാഗ്രതാ സമിതിയുടെ ലോഗോ പ്രകാശനവും, 'ഓറഞ്ച് ദ വേൾഡ് ' ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും നിർവഹിച്ചു. വാർഡ് തല ജാഗ്രതാ സമിതികൾക്കുള്ള ഫോറങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ, സ്ഥിരം സമിതി അധ്യക്ഷരായ അഖിൽ കൃഷ്ണ,ലീന രാധാകൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. മോനിഷ, മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments