കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന വിത്തിനങ്ങൾ ഉല്പാദിപ്പിക്കണം: മന്ത്രി ടി സിദ്ദിഖ്
-തെക്കൻ ജില്ലകളിൽ തെങ്ങ് കൃഷി വിപുലമാക്കാൻ പ്രത്യേക പദ്ധതി ഒരുക്കണം: മന്ത്രി എം ലിജു
-കർഷക കോൺക്ലെവ് ഉദ്ഘാടനം ചെയ്തു
കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ അതിജീവിക്കാൻ കെൽപ്പുള്ള വിത്തിനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാൻ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്. കായംകുളം സിപിസിആർഐയിൽ സംഘടിപ്പിച്ച കർഷക കോൺക്ലെവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ പരിഹാരത്തിന് കേന്ദ്ര പിന്തുണയോടെ കാലാവസ്ഥ പ്രതിരോധ ഫണ്ട് രൂപീകരിക്കും. എക്സോട്ടിക്ക് ഫലങ്ങളുടെ ഉൽപാദന-വിപണനതിന് കേര പദ്ധതിയുടെ അനുബന്ധമായി പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും. നാളികേര മേഖല പുനരുദ്ധാരണ പദ്ധതിക്ക് 540 കോടി രൂപ അനുവദിച്ചു. കായംകുളം ഉൾപ്പെടെ സംസ്ഥാനത്തെ ഓരോ നിയോജകമണ്ഡലത്തിലും സ്മാർട്ട് കൃഷിഭവനകൾ സ്ഥാപിക്കും. പ്ലാന്റ് ഹെൽത്ത് ക്ലിനിക്, മണ്ണ് പരിശോധന ലാബ് എന്നിവ കൃഷിഭവനകളിൽ ഒരുക്കും. കമ്മ്യൂണിറ്റി ഫാം ഡെവലപ്മെന്റിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടാൻ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കായംകുളത്തെ കാർഷിക മേഖലയുടെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കുരിപ്പുഴ പുഞ്ച മേഖലയിൽ ചെട്ടികുളങ്ങര മുതൽ ഏവൂർ വരെ കാർഷിക ബണ്ട് റോഡ് നിർമിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തി. റോഡിന്റെ ഡി.പി.ആർ. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിവരികയാണ്. ചെട്ടികുളങ്ങര, പത്തിയൂർ പഞ്ചായത്തുകളിലെ നെൽകൃഷി സംരക്ഷിക്കുക, ഓരുവെള്ളം തടയുക, കൊയ്ത്ത് സുഗമമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കായംകുളം മണ്ഡലത്തിൽ തെങ്ങ് കൃഷി വ്യാപിപ്പിക്കാൻ ലഭ്യമാക്കേണ്ട തരിശുഭൂമി സിപിസിആർഐയുടെ നേതൃത്വത്തിൽ കണ്ടെത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കായംകുളം സിപിസിആർഐ കേന്ദ്രം തലവൻ ഡോ റെജി ജേക്കബ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴ്സ് ഡയറക്ടറും പ്രിൻസിപ്പൽ സയിന്റിസ്റ്റുമായ ഡോ കെ നിഹാദ്, കാസർഗോഡ് സി പി സി ആർ ഐ ആക്ടിംഗ് ഡയറക്ടർ ഡോ. അഗസ്റ്റിൻ ജെറാർഡ്, എസ് എച്ച് എം കേരളം മിഷൻ ഡയറക്ടർ എസ് ആശ, കാസർഗോഡ് ഐസിഎആർ ക്രോപ്പ് പ്രൊഡക്ഷൻ ഹെഡ് ഡോ പി സുബ്രഹ്മണ്യൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ എ അബ്ദുൽ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments