*കലോത്സവം ഹരിതാഭമാക്കാൻ ഹരിത വളണ്ടിയർ സംഘം സജീവം*
45-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ നഗരിയില്‍ വിദ്യാർഥികളുടെ ഹരിത വളണ്ടിയർ സംഘം സജീവം. 30 വിദ്യാർഥികൾ ഉള്‍പ്പെടുന്ന ഹരിത വളണ്ടിയർ സംഘം മുട്ടിൽ ഡബ്ല്യൂ ഒ വിഎച്ച്എസ്എസിലെ കലോത്സവ വേദിയിലും പരിസരങ്ങളിലും ഹരിതചട്ടങ്ങൾ ഉറപ്പാക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോകോൾ ഹട്ടും ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഹരിത വളണ്ടിയർമാരായ പൂർണപിന്തുണ നൽകി ജില്ലാ ശുചിത്വ മിഷൻ നിർമലം പദ്ധതിയുടെ ഭാഗമായി ഹരിത വളണ്ടിയർ ജേഴ്സിയും ക്യാപ്പും വിതരണം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ സംഘാടക സമിതിയുമായി സഹകരിച്ചാണ് വിദ്യാർഥികളെ ഉൾപ്പെടുത്തി ഹരിത വളണ്ടിയർ സംഘത്തിന് രൂപം നൽകിയത്. മാലിന്യസംസ്കരണം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം.
പത്തംഗ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അധ്യാപകരായ ഷാനവാസ് കൺവീനറായും റൻസിയ ജോയിന്റ് കൺവീനറായുമായാണ് വളണ്ടിയർ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
- Log in to post comments