പാലിയേറ്റീവ് രോഗികളുടെ സ്‌നേഹസംഗമം സംഘടിപ്പിച്ചു
പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. നൂറിലധികം പാലിയേറ്റീവ് രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ മുഖ്യാതിഥിയായി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്,വൈസ് പ്രസിഡന്റ് ടിസ്സി ജോബ്, തൊടുപുഴ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. തോമസ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അച്ചാമ്മ ജോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോസ് ജോസഫ്, പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോസഫ്, മെമ്പര്‍മാരായ കെ.ജി ഹരിദാസ്, റോസിലി ബിനോയ്, പി. ടോമിച്ചന്‍ മുണ്ടുപാലം, ഷാന്റി ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.സംഗമത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, പാലിയം ഉല്‍പ്പന്നങ്ങളുടെ വിപണനം, ആയുര്‍വേദ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.
രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്നതിനൊപ്പം അവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുക, കുടുംബാംഗങ്ങള്‍ക്ക് പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കാനും പിന്തുണ നല്‍കാനും അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിച്ചത്.
- Log in to post comments