കുന്നംകുളം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 23 മുതൽ*
കുന്നംകുളം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 23 മുതൽ 26 വരെ നഗരസഭ ടൗൺഹാൾ ഉൾപ്പെടെയുള്ള വിവിധ വേദികളിലായി അരങ്ങേറും. മേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 23-ന് രാവിലെ പത്തിന് എ.സി. മൊയ്തീൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. 26-ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപജില്ലയിലെ 91 സ്കൂളുകളിൽ നിന്നായി ഏഴായിരത്തിലധികം വിദ്യാർത്ഥികൾ 249 ഇനങ്ങളിൽ മാറ്റുരയ്ക്കും.
നഗരസഭ ടൗൺഹാൾ, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എം.ജെ.ഡി. സ്കൂൾ, ചിറളയം എച്ച്.സി.സി. യു.പി. സ്കൂൾ, ബഥനി സെന്റ് ജോൺസ് സ്കൂൾ എന്നിവയാണ് പ്രധാന മത്സരവേദികൾ. കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാല് ദിവസവും നഗരസഭ ടൗൺഹാളിലെ ഡൈനിങ് ഹാളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആർഷ ജിജു, കൗൺസിലർ ഷാജി ആലിക്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം. മുഹമ്മദ് മുബാറക്ക്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ജെ. ജ്യോതി, പി.ടി.എ. പ്രസിഡന്റ് എ.ബി. ബിനീഷ്, പ്രോഗ്രാം കൺവീനർ വിപിൻ പി. ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ ജീസൺ ജെ. കാക്കശ്ശേരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
- Log in to post comments