*മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക*
കലോത്സവ വേദികളില്‍ ഓരോ തവണയും കഴിവ് തെളിയിച്ച് മുന്നേറുകയാണ് കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ടി.എസ് അവന്തിക. 45-ാം മത് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അവന്തിക സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. മുന്‍വര്‍ഷങ്ങളിലെ സംസ്ഥാനതല മത്സരത്തില്‍ മികവ് തെളിയിച്ചിട്ടുള്ള അവന്തികക്ക് കലോത്സവ വേദികള്‍ പുതുമയുള്ളതല്ല. 2025 ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ കേരളനടനത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി. ഇത്തവണ മോഹിനിയാട്ടത്തിലെ വിജയത്തിനൊപ്പം മോണോആക്ടിലും എ ഗ്രേഡ് നേടിയതോടെ വിവിധ കലാ മേഖലയിലെ കഴിവ് തെളിയിച്ചിരിക്കുകയാണ് അവന്തിക. മോഹിനിയാട്ടത്തിന്റെ ചാരുതയും ഭാവാഭിനയവും ചുവടുകളില്‍ മനോഹരമായി സമന്വയിപ്പിക്കാന്‍ അവന്തികയ്ക്ക് കഴിയുന്നുണ്ട്. ആഷിഷ് പയ്യന്നൂരാണ് അവന്തികയുടെ കലാപരിശീലകന്‍. പി ശ്രീജിത്തിന്റെയും ടി അര്‍ച്ചനയുടെയും മകളാണ് അവന്തിക. പഠനത്തോടൊപ്പം കലാപരിശീലനം മുന്നോട്ടുകൊണ്ടുപോകുന്ന അവന്തികയുടെ അടുത്ത ലക്ഷ്യം സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ്. ജില്ലാ വേദിയിലെ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസവുമായി സംസ്ഥാന വേദിയിലേക്ക് ചുവടുവെക്കുമ്പോള്‍ അവന്തികയുടെ കലായാത്രയില്‍ പ്രതീക്ഷകള്‍ ഏറെയാണ്.
- Log in to post comments