Skip to main content

 മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും ദേശീയ ക്ഷീരദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത്

ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു (നവംബർ 26 വ്യാഴം) രാവിലെ 9.30ന് കോട്ടയം കെ.സി. മാമ്മൻ മാപ്പിള ഹാളിൽ തൊഴിൽ, വനിത-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മിൽമയുടെ നവീന ഉൽപന്നങ്ങളുടെ ഉദ്ഘാടനവും നടക്കും.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തും.

മിൽമ ചെയർമാൻ കെ.എസ്. മണി, കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ്, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ മാനേജിംഗ് ഡയറക്ടർ അഫ്‌സാന പർവീൺ, എം.ആർ.സി.എം.പി.യു. അഡ്മിനിസ്‌ട്രേറ്റർ വർക്കി ജോർജ്, കോട്ടയം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഗോപകുമാർ തുടങ്ങിയവര്‍ പങ്കെടുക്കും.

date