15ാം പഞ്ചവത്സര പദ്ധതി:ജില്ലാ തല യോഗം ഡിസംബർ 5ന്
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയുടെ വികസന മുൻഗണനകളും ദീർഘകാല വികസന കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിനുള്ള ജില്ലാതല യോഗം ഡിസംബർ 5ന് നടക്കും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ കോവളം കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിലാണ് യോഗം സംഘടിപ്പിക്കുന്നത്.
രണ്ട് സെഷനുകളിലായി നടക്കുന്ന യോഗത്തിൽ ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ വികസന മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും.
കാർഷിക മേഖലയുടെ പുരോഗതി, വ്യവസായ വികസനം, ജലസംരക്ഷണം, കുടിവെള്ള ലഭ്യത, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽസൃഷ്ടി, ദാരിദ്ര്യനിർമാർജനം, പട്ടികജാതി,പട്ടികവർഗ,പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, വനിതാ ശിശു വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പുതുയുഗ കേരളം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന വികസന മുൻഗണനകൾ നിർണയിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
- Log in to post comments