ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം : ജില്ലാതല ഉദ്ഘാടനം നടത്തി
ലോക ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ. ഷഹീർ ഷാ നിർവഹിച്ചു.
നവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണമായി നടത്തുന്നു.
പൊതുജനങ്ങൾ ആൻ്റിബയോട്ടിക്കുകൾ യുക്തിസഹമായി ഉപയോഗിക്കുന്നതിലേക്ക് അവരിൽ അവബോധം സൃഷ്ടിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം. ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് കാരണം പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 50 ലക്ഷം പേർ പ്രതിവർഷം മരിക്കുന്നു. ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിച്ചില്ലെങ്കിൽ രോഗാണുക്കൾ മരുന്നുകൾക്കെതിരെ ശക്തി പ്രാപിക്കുകയും ഇത് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ചികിത്സ പ്രതിസന്ധിക്ക് ഇടയാക്കുകയും ചെയ്യും. ഇത് ഉയർന്ന ചികിത്സാ ചെലവിലേക്കും ദീർഘകാല ആശുപത്രി വാസത്തിനും മരണ നിരക്ക് വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ആൻറിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗവും നിർമാർജനവും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളിൽ എത്തുകയും അതുവഴി മനുഷ്യരാശിയെ വീണ്ടും അപകടത്തിൽ ആക്കുകയും ചെയ്യുന്നു. ആയതിനാൽ ഡോക്ടർ നിർദ്ദേശിച്ച സമയക്രമത്തിലും അളവിലും മാത്രം ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതുണ്ട്. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും ഇന്ന് ബോധവൽക്കരണ പ്രതിജ്ഞ എടുത്തു. കൂടാതെ ജില്ലാതലത്തിൽ വിവിധ ബോധവൽക്കരണ മത്സരങ്ങൾ സംഘടിപ്പിച്ചു.
- Log in to post comments