35 കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദികൾക്ക് സമീപമുള്ള കടകളിൽ ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി. മൂന്ന് സംഘങ്ങളായി ഉദ്യോഗസ്ഥർ സ്കൂളുകളുടെ നൂറുമീറ്റർ ചുറ്റളവിലുള്ള 35 കടകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണശാലകളിലെ ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സംഘം വിലയിരുത്തി.
മേളയുടെ വിവിധ വേദികളിൽ കുടിവെള്ള പരിശോധനയും അലനല്ലൂർ, കടമ്പഴിപ്പുറം ബ്ലോക്ക് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരും. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഭക്ഷണ വിതരണത്തിനെതിരെ നടപടിയെടുക്കുമെന്നും ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഭക്ഷണ- പാനീയങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് രാധാകൃഷ്ണൻ, അലനല്ലൂർ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ മോനിലാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രമോദ് (സി.എച്ച്.സി അലനല്ലൂർ), ബിന്ദു (എഫ്.എച്ച്.സി കാരാകുറുശ്ശി), മുഹമ്മദ് റഫീഖ് (എഫ്.എച്ച്.സി തച്ചനാട്ടുകര), ബിനു (എഫ്.എച്ച്.സി കാഞ്ഞിരപ്പുഴ), സുനിൽ (എഫ്.എച്ച്.സി കുമരംപുത്തൂർ), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹസീന (എഫ്.എച്ച്.സി കോട്ടോപ്പാടം), വിനോദ് (എഫ്.എച്ച്.സി കുമരംപുത്തൂർ), ലത്തീഫ് (എഫ്.എച്ച്.സി തെങ്കര) എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
- Log in to post comments