Skip to main content

അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്

സംസ്ഥാന ശാസ്ത്രമേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്. മേള നടക്കുന്ന ആറ് വേദികളിലായി ഇരുപതോളം ആരോഗ്യപ്രവർത്തകരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കിയിട്ടുണ്ട്.

പ്രധാന വേദിയായ നെല്ലിപ്പുഴ ഡി.എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് നഴ്‌സ് എന്നിവരുൾപ്പെടെ ആറംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മണ്ണാർക്കാട് എം.ഇ.ടി.എച്ച്.എസ്.എസ്, എം.ഇ.എസ്.എച്ച്.എസ്.എസ്, ജി.എം.യു.പി സ്കൂൾ, കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ മറ്റ് വേദികളിൽ മൂന്ന് നഴ്‌സുമാർ വീതമുള്ള പ്രത്യേക സംഘവും പ്രവർത്തിക്കും.

എല്ലാ വേദികളിലും പ്രത്യേകം തയ്യാറാക്കിയ മെഡിക്കൽ സ്റ്റാളുകളും പ്രഥമശുശ്രൂഷാ (ഫസ്റ്റ് എയ്ഡ്) കിറ്റുകളും സജ്ജമാണ്. മേളയ്ക്കിടെയുണ്ടാകുന്ന ചെറിയ പരിക്കുകൾക്ക് മുറിവ് കെട്ടുന്നതിനും, തലകറക്കം പോലുള്ള അസ്വസ്ഥതകൾക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ, രക്തസമ്മർദ്ദം (ബി.പി), പ്രമേഹം (ഷുഗർ) എന്നിവ പരിശോധിക്കുന്നതിനും അവശ്യമരുന്നുകൾ വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ആംബുലൻസ് സേവനവും തയ്യാറാണ്.

date