Skip to main content

ചക്കുളത്തുകാവ് പൊങ്കാല: സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങള്‍

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 24ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷ, ഗതാഗത നിയന്ത്രണം, ശുദ്ധജല വിതരണം, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.

നവംബര്‍ 22 മുതല്‍ 24 വരെ ക്ഷേത്രപരിസരത്തും തിരുവല്ല, പൊടിയാടി മേഖലകളിലും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പൊടിയാടി ജംഗ്ഷനില്‍ താല്‍ക്കാലിക പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിപ്പിക്കും. നവംബര്‍ 23, 24 തീയതികളില്‍ ക്ഷേത്രപരിസരത്തും പൊങ്കാല കടന്നുപോകുന്ന വഴികളിലുമുള്ള മദ്യഷാപ്പുകള്‍ അടച്ചിടുന്നതിനും മത്സ്യമാര്‍ക്കറ്റ്, അറവുശാല എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും നിര്‍ദേശം നല്‍കി. വ്യാജമദ്യവില്‍പ്പന തടയാന്‍ എക്‌സൈസ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും.

കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. തിരുവല്ല ഡിപ്പോയില്‍നിന്ന് നവംബര്‍ 23, 24 തീയതികളില്‍ രാത്രിയിലും ചെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കും. പൊങ്കാല നടക്കുന്ന പ്രദേശങ്ങളില്‍ തടസ്സമില്ലാത്ത വൈദ്യുതി വിതരണവും തെരുവുവിളക്കുകളുടെ പ്രവര്‍ത്തനവും കെഎസ്ഇബി ഉറപ്പാക്കും.

ക്ഷേത്രപരിസരത്തും തിരുവല്ല-എടത്വാ പാതയിലും നവംബര്‍ 22 മുതല്‍ തുടര്‍ച്ചയായി ശുദ്ധജലം ലഭ്യമാക്കും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കുന്നതിനും ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതിനും വാട്ടര്‍ അതോറിറ്റി ക്രമീകരണം നടത്തും. കറ്റോട്ടു നിന്നുള്ള പമ്പിങ് തടസ്സമില്ലാതെ തുടരും. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കും.

തിരുവല്ല ഗവണ്‍മെന്റ് ആശുപത്രിയിലും ചാത്തന്‍കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സൗകര്യങ്ങളും ആംബുലന്‍സ് സേവനവും ഒരുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെയും സാമഗ്രികളെയും ലഭ്യമാക്കും. തിരുവല്ല നഗരസഭാ മൈതാനം സൗജന്യ പാര്‍ക്കിങ്ങിനായി വിട്ടുനല്‍കും. നഗരസഭയും നെടുമ്പ്രം ഗ്രാമപഞ്ചായത്തും തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തും.

പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ആവശ്യമുള്ള നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണമെന്നും സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ് ലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, തിരുവല്ല ഡി വൈ എസ് പി സന്തോഷ് കുമാര്‍, ചക്കുളത്ത്കാവ് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date