തീര്‍ത്ഥാടകര്‍ക്ക് കരുതലായി ആരോഗ്യവകുപ്പ്
മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും സമീപപ്രദേശങ്ങളിലുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ചികിത്സ - അടിയന്തര ആരോഗ്യ സേവനങ്ങള്‍ നല്കി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജെ മണികണ്ഠന് അറിയിച്ചു.
. നവംബര്‍ 20 ഉച്ചവരെ 10,441 തീര്‍ത്ഥാടകര്‍ ശബരിമലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടി. അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായ ഇടപെടലിലൂടെ തീര്‍ത്ഥാടകര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ജീവന് രക്ഷിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരല്‍മേട്, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി യഥാക്രമം 1750, 389, 724, 3915, 843, 1142 പേര് ഇതുവരെ ചികിത്സ തേടി.
എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ 3,393 കേസുകള്‍ കൈകാര്യം ചെയ്യുകയും 45 പേര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ ചികിത്സാ നടത്തുകയും ചെയ്തു. ഹൃദയാഘാതാവുമായി ബന്ധപ്പെട്ട് 12 പേരും അപസ്മാരവുമായി ബന്ധപ്പെട്ട് 13 പേരും ചികിത്സ തേടി. വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി 44 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു.
തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
തീര്‍ത്ഥാടനം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ വ്രതകാലത്തും മുടക്കാതെ കഴിക്കണം. ആവശ്യമായ മരുന്നുകള്‍ കൈവശം കരുതണം. പമ്പയില്‍ വന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം.
നെഞ്ചുവേദന, ശ്വാസതടസം, അമിതമായ ക്ഷീണം, തലകറക്കം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മലകയറ്റം ഉടന്‍ നിര്‍ത്തി അടുത്തുള്ള അടിയന്തര വൈദ്യസഹായ കേന്ദ്രത്തിലെ സേവനം തേടണം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ച് യാത്ര തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.
അടിയന്തര വൈദ്യസഹായത്തിനായി 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 04735 203232 ലും ബന്ധപ്പെടാം.
- Log in to post comments