Skip to main content
നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ സജീവ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗം

ശബരിമലയിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് സുസ്ഥിര പരിഹാരം ഉറപ്പാക്കും; സമഗ്ര പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും: നിയമസഭാ പരിസ്ഥിതി സമിതി

ശബരിമലയിലെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണത്തിനും മാലിന്യപ്രശ്‌നങ്ങള്‍ക്കും സുസ്ഥിരമായ പരിഹാരം കാണണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പമ്പയിലെയും സന്നിധാനത്തെയും ശുചിത്വ പരിപാലനം കുറ്റമറ്റതാക്കുന്നതിനും തീര്‍ത്ഥാടന പാതയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. എരുമേലി, പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവയെ സംയോജിപ്പിച്ചുള്ള സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സമിതി വ്യക്തമാക്കി.

പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ സമിതി ചെയര്‍മാന്‍ സജീവ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശങ്ങള്‍. സമിതി അംഗങ്ങളായ ചാണ്ടി ഉമ്മന്‍ എംഎല്‍എ, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, ഫൈസല്‍ ബാബു എംഎല്‍എ, ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, പോലീസ് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ പി നിയാസ്, റാന്നി ഡിഎഫ്ഒ ആരുള്‍ സെല്‍വം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ സുരേഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍, പോലീസ്, മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍, സന്നദ്ധസേനകള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും അന്നദാനവും ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് ചെയര്‍മാന്‍ സജീവ് ജോസഫ് പറഞ്ഞു. എന്നാല്‍ പുഴകളിലേക്ക് തുണികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമായി തുടരുകയാണ്. ശുചിത്വ പരിപാലനം നൂറുശതമാനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിവെള്ളം, അടിയന്തിര ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാണെങ്കിലും പരിസ്ഥിതി മലിനീകരണം ഗൗരവത്തോടെ കാണണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. പുണ്യനദിയില്‍ തുണികളും പ്ലാസ്റ്റിക്കും ഉപേക്ഷിക്കുന്നത് തടയണം. ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന നിലയിലുള്ളത് ആശങ്കാജനകമാണ്. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എരുമേലിയിലെ റോഡുകളുടെ വീതിക്കുറവും കയ്യേറ്റങ്ങളും പരിഹരിക്കേണ്ടതുണ്ട്. എരുമേലി, പമ്പ, നിലയ്ക്കല്‍ എന്നിവയെ ശബരിമലയുടെ ഭാഗമായിത്തന്നെ കണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഈ മണ്ഡലകാലത്തുതന്നെ സമിതി വീണ്ടും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വലിയതോട്ടിലെ മലിനീകരണം കാരണം ആളുകള്‍ക്ക് കുളിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് എം ജെ സെബാസ്റ്റ്യന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. വിലക്ക് ലംഘിച്ച് സോപ്പ് ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കുന്നതും കര്‍ശനമായി തടയണം. മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കണം. വെയിലത്ത് ജോലി ചെയ്യുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തരംതിരിച്ച മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുമ്പോള്‍ അവ വാഹനത്തില്‍ ഒരുമിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ രീതി കര്‍ശനമായി ഒഴിവാക്കി, തരംതിരിച്ച മാലിന്യങ്ങള്‍ അതത് വിഭാഗങ്ങളായി പ്രത്യേകമായി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഫൈസല്‍ ബാബു എംഎല്‍എ പറഞ്ഞു. ഭക്തരോട് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട്കണ്ട് സംസാരിച്ചിരുന്നതില്‍ നിന്നും അവരുടെ സന്തോഷവും സംതൃപ്തിയും മനസിലാക്കാന്‍ സാധിച്ചു. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാന്‍ പരിസ്ഥിതി സമിതി കൂടുതല്‍ കാര്യക്ഷമായ ഇടപെടല്‍ നടത്തും. പരിസ്ഥിതി സംരക്ഷണം നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.  ശബരിമലയിലേക്ക് ട്രാക്ടര്‍ വാഹനങ്ങള്‍ കയറ്റുന്നത് ഒഴിവാക്കി ബദല്‍മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനമേഖലയിലെ സൂക്ഷ്മജീവി സംരക്ഷണ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്, ഇതില്‍ ആവശ്യമായ നടപടി കൈക്കൊള്ളും. മലിനജലത്തില്‍ നിന്നും എണ്ണ മാറ്റുന്നതിന് നടപടി സ്വീകരിക്കണം. മലിനീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ശുചിത്വ തൊഴിലാളികള്‍ക്കുള്ള പരിശീലനവും അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയുള്ള സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകള്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. തീര്‍ത്ഥാടന പാതകളില്‍ പരിമിതമായ സ്ഥലത്തു തന്നെ മികച്ച സേവനങ്ങള്‍ നല്‍കുവാനും ഇത്തവണ കഴിഞ്ഞു. തീര്‍ത്ഥാടകര്‍ വരുന്ന വഴികളിലും ഭക്ഷണശാലകളിലും ശുചിമുറികളുടെ പരിസരത്തും എല്ലാം തന്നെ ശുചീകരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും ബോധ്യപ്പെട്ടതായി സമിതി വ്യക്തമാക്കി.

എരുമേലി, പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവയെ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് സമഗ്ര തീര്‍ത്ഥാടന പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും സമിതി നിര്‍ദേശം നല്‍കി. സമിതിയ്ക്ക് മുന്‍പാകെ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച വിഷയങ്ങളും പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.

date