വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് യൂത്ത് പാര്‍ലമെന്റ് 2027
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് - യൂത്ത് പാര്‍ലമെന്റ് 2027' പരിപാടി ഇന്ന് (നവംബര്‍ 20) രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെനി പി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. മൈ ഭാരത് പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസര്‍ ഗോപിക കൃഷ്ണ അധ്യക്ഷയാകും. കാതോലിക്കേറ്റ് കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. തോമസ് എബ്രഹാം സ്വാഗതം ആശംസിക്കും. രാജ്യത്തിന്റെ വികസനത്തില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ജനാധിപത്യ മൂല്യങ്ങള്‍, പാര്‍ലമെന്ററി സംസ്‌കാരം, ദേശീയ വികസന കാഴ്ചപ്പാട് എന്നിവ യുവജനങ്ങളിലേക്ക് എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ പന്തളം എന്‍.എസ്.എസ്. കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്‍ പ്രസാദ്, 14 (കെ) ബറ്റാലിയന്‍ എന്‍.സി.സി. ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, കാതോലിക്കേറ്റ് കോളജ് ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം സൂസന്‍ സാമുവല്‍, കവിയും സാഹിത്യകാരനുമായ വിനോദ് മുലമ്പുഴ, പ്രസിഡന്റ്‌സ് ഇന്ത്യ- സംസ്ഥാന അവാര്‍ഡ് ജേതാവ് ഷിജിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് യുവ പാര്‍ലമെന്റ് പ്രസംഗ മത്സരം സംഘടിപ്പിക്കും. രാജ്യനിര്‍മാണം, ജനാധിപത്യ ബോധം, ദേശീയ വികസന കാഴ്ചപ്പാട് എന്നിവയെ ആസ്പദമാക്കി യുവജനങ്ങള്‍ ആശയങ്ങള്‍ അവതരിപ്പിക്കും. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാര്‍ തുടങ്ങിയര്‍ പങ്കെടുക്കും.
- Log in to post comments