Skip to main content

പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസേന - ഇക്കോസെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു*

*

വിദ്യാർഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാലന മനോഭാവവും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുന്നതിനായി ഹരിതസേന ഇക്കോസെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവം പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാലന ശീലം വളർത്തുകയും സമൂഹത്തിൽ ശുചിത്വബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

യു.പി. വിഭാഗത്തിലെ ആറ്, ഏഴ് ക്ലാസുകളിലെയും ഹൈസ്കൂൾ വിഭാഗത്തിലെ എട്ട്, ഒൻപത് ക്ലാസുകളിലെയും ഹയർ സെക്കൻഡറി വിഭാഗത്തിലെ പ്ലസ് വൺ വിദ്യാർഥികളുമാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രോജക്ട് അവതരണവും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. യു.പി. വിഭാഗം വിദ്യാർഥികൾ മാലിന്യങ്ങളിൽനിന്ന് നിർമ്മിച്ച പഠനോപകരണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും പ്രദർശനവും നടത്തി.

ഇക്കോസെൻസ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാലിന്യ പരിപാലന മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനും യു.പി. വിഭാഗത്തിലെ മികച്ച അവതരണത്തിനും പ്രകടനത്തിനുമുള്ള പുരസ്‌കാരം ജി.എഫ്.യു.പി. മന്നലാംകുന്ന് സ്കൂളിനും മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ എസ്.എം.വി.എച്ച്.എസ്. ഇടക്കഴിയൂർ സ്കൂളിനും ഉപഹാരങ്ങൾ നൽകി.

പദ്ധതിയുടെ അവലോകന റിപ്പോർട്ട് ഐ.ആർ.ടി.സി. കോ-ഓർഡിനേറ്റർ ബി.എസ്. ആരിഫ അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ സീനത്ത്, നിസാർ മൂത്തേടത്ത് എന്നിവർ ആശംസകൾ നേർന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സ്വാലിഹ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രാഖി ഏണസ്റ്റ് എന്നിവർ പങ്കെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുബീന സലീം സ്വാഗതവും ഇംപ്ലിമെന്റിങ് ഓഫീസറും ജി.എഫ്.യു.പി. മന്നലാംകുന്ന് സ്കൂൾ ഹെഡ്മിസ്ട്രസുമായ സുനിത മേപ്പുറത്ത് നന്ദിയും പറഞ്ഞു.
 

date