Skip to main content
..

കുഞ്ഞുമുഖങ്ങളില്‍ പുഞ്ചിരി നിറക്കാന്‍ 'സ്‌ബോട്ട്' പദ്ധതിയുമായി മുഖത്തല ബ്ലോക്ക് കുട്ടികളിലെ സംസാര-പെരുമാറ്റ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ളതാണ് പദ്ധതി

കുട്ടികളിലെ ശാരീരിക-മാനസിക വെല്ലുവിളികളും പെരുമാറ്റ പ്രശ്‌നങ്ങളും പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കുന്നതിന് 'സ്‌ബോട്ട് (സ്പീച്ച് ബിഹേവിയറല്‍ ഒക്യുപേഷണല്‍ തെറാപ്പി) അറ്റ് മുഖത്തല' പദ്ധതിയുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്.
ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രം, മാനസിക വെല്ലുവിളികള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയുള്ള കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ ബിഹേവിയറല്‍ തെറാപ്പി നല്‍കും. അമിതമായ സ്‌ക്രീന്‍ ടൈം മൂലം സംസാരശേഷി വൈകുന്ന കുട്ടികള്‍ക്കായി പ്രത്യേക സ്പീച്ച് തെറാപ്പിയും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. അങ്കണവാടി അധ്യാപകര്‍ മുഖേനയാണ് പദ്ധതിയുടെ പിന്തുണ ആവശ്യമായ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കണ്ടെത്തുന്നത്.  കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതിന് ബ്ലോക്കുതല അഭിമുഖത്തിലൂടെയാണ് വിദഗ്ധരെ തിരഞ്ഞെടുത്തത്. സ്പീച്ച് സ്‌പെഷ്യലിസ്റ്റിന്റെ നേതൃത്വത്തിലാണ് സ്പീച്ച് തെറാപ്പി നല്‍കുന്നത്. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്.
2026 -27 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എല്ലാ പ്രവൃത്തിദിനങ്ങളിലും  രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് കുട്ടികള്‍ക്കുള്ള തെറാപ്പിയും ക്ലാസുകളും നടക്കുന്നത്. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി തൃക്കോവില്‍വട്ടം ഐ സി ഡി എസ് ഓഫീസ്, ഇളമ്പള്ളൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ഹാള്‍, കൊറ്റംകര, നെടുമ്പന, മയ്യനാട് തുടങ്ങിയ പഞ്ചായത്തുകളിലെ അങ്കണവാടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെറാപ്പി നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍ തുക മുടക്കി ചെയ്യേണ്ടി വരുന്ന തെറാപ്പിയാണ് സൗജന്യമായി ലഭ്യമാക്കുന്നത്. നിരവധി കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമായി മാറി 'സ്‌ബോട്ട് അറ്റ് മുഖത്തല' പദ്ധതിയെന്ന് ബ്ലോക്ക് പ്രസിഡന്റ് സാം വര്‍ഗീസ് പറഞ്ഞു.
 
 

date