Skip to main content

മയ്യനാട് മിനി സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

മയ്യനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന കായിക, യുവജനകാര്യ വകുപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന മിനി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാവടിവയലില്‍ ഒരേക്കര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം ഒരുങ്ങുക. ജില്ലാ ആശുപത്രിയില്‍ നിന്ന് പദ്ധതിക്കായി വിട്ടു നല്‍കുന്ന മണ്ണിട്ട് ഭൂമി ഉയര്‍ത്തിക്കൊണ്ടായിരിക്കും ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.
2026-27 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. മത്സരങ്ങള്‍ കാണാനെത്തുന്ന കായിക പ്രേമികള്‍ക്കായി മിനി ഗാലറിയും നിര്‍മ്മിക്കും. പരിശീലനത്തിന് എത്തുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ പദ്ധതിയുടെ ഭാഗമായി നല്‍കും. കുടിവെള്ളം, ശുചിമുറി, പാര്‍ക്കിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ലൈറ്റിംഗ് സംവിധാനങ്ങളും സജ്ജീകരിക്കും.
ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് നാല് പരിശീലകരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വരുന്ന സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി സ്റ്റേഡിയം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 27 ന് അഡ്വ. വിഷ്ണു മോഹന്‍ എം എല്‍ എ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അറിയിച്ചു.
 

 

date