Skip to main content

'മെഷിനറി എക്സ്പോ 2027' രജിസ്ട്രേഷൻ ആരംഭിച്ചു

* വെബ്സൈറ്റ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

 സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് മെഷിനറി എക്സ്പോ 2027-ന്റെ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് ജില്ലാ കളക്ടർ ജി. പ്രിയങ്ക  ഉദ്ഘാടനം ചെയ്തു. സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും എക്സ്പോ ഏറെ പ്രയോജനം ചെയ്യുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

'ഇൻവെസ്റ്റ് ഇൻ ഇന്നൊവേഷൻസ്' എന്ന പ്രമേയത്തിൽ  ജനുവരി നാല് മുതൽ ഏഴ് വരെ   കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് പ്രദർശനം നടക്കുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പ്രോത്സാഹിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന പുത്തൻ മെഷീനറികളുടെ സമഗ്രമായ പ്രദർശനമാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറും എക്സ്പോ ജനറൽ കൺവീനറുമായ വി.ആർ. രാകേഷ് പറഞ്ഞു.

നിലവിലുള്ളതും ഭാവിയിൽ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നതുമായ സംരംഭകർ, അംഗീകൃത മെഷിനറി വിതരണക്കാർ, നിർമ്മാതാക്കൾ, വ്യാപാര പ്രമോഷൻ സംഘടനകൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണൽ അസോസിയേഷനുകൾ, ഗവേഷണ-സാങ്കേതിക പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് എക്സ്പോയിൽ പങ്കെടുക്കാം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി മെഷിനറി നിർമ്മാതാക്കളും ഇത്തവണ പ്രദർശനത്തിന്റെ ഭാഗമാകും.

കാർഷിക അധിഷ്ഠിത ഭക്ഷ്യസംസ്കരണം, പാക്കേജിംഗ്, ജനറൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഇ-മൊബിലിറ്റി, പുനരുപയോഗ ഊർജ്ജം, തടി അധിഷ്ഠിത വ്യവസായം, അപ്പാരൽ, റബ്ബർ-പ്ലാസ്റ്റിക് ഫുട്വെയർ, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് റീസൈക്ലിംഗ് എന്നീ മേഖലകളിലാണ് ഇത്തവണത്തെ മെഷിനറി എക്സ്പോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ, സി.എൻ.സി മെഷീനുകൾ, എസ്.പി.എമ്മുകൾ, നൂതന പ്രോസസ്സിംഗ്-പാക്കേജിംഗ് മെഷീനുകൾ എന്നിവയുടെ പ്രദർശനത്തിനൊപ്പം തത്സമയ യന്ത്ര ഡെമോകളും എക്സ്പോയിൽ ഉണ്ടാകും.  പുതുതായി സംരംഭം ആരംഭിക്കുന്നവർക്ക് സൗജന്യ സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക സ്ഥാപനങ്ങളുടെ സ്റ്റാളുകളും, വായ്പ ലഭ്യത പോലുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനായി ധനകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വേദിയിൽ സജ്ജീകരിക്കും.

ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ 'സംഭരണ, വിപണന പിന്തുണ' (പി.എം.എസ്) പദ്ധതിയുടെ പിന്തുണയോടെ നടത്തുന്ന എക്സ്പോയിൽ, യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി എം.എസ്.എം.ഇകൾക്ക് സ്റ്റാൾ വാടകയുടെ 80 ശതമാനം വരെ റീഇംബേഴ്‌സ്‌മെന്റ് ലഭിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മെഷിനറി എക്സ്പോ കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.machineryexpokerala.in വഴി സ്റ്റാളുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9188401707 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

date