Skip to main content

പ്രവാസി സംരംഭകർക്കായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ സൗജന്യ ഏകദിന സംരംഭകത്വ വികസന ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ഹോട്ടൽ സൂര്യ റീജൻസിയിൽ നടന്ന ശില്പശാല നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ് അധ്യക്ഷത വഹിച്ചു.
സാങ്കേതിക സെഷനുകൾക്ക് കെ.വി സുരേഷ് നേതൃത്വം നൽകി. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധ സർക്കാർ സഹായ പദ്ധതികൾ, ബാങ്ക് വായ്പാ സൗകര്യങ്ങൾ, പ്രൊജക്ട് റിപ്പോർട്ട് തയാറാക്കൽ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നല്‍കി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 52 പ്രവാസി സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു. എൻ.ബി.എഫ്.സി മാനേജർ (പ്രൊജക്ട്) കെ.വി സുരേഷ് സ്വാഗതവും നോർക്ക റൂട്ട്സ് സീനിയർ എക്സിക്യൂട്ടീവ് എം. ജയകുമാർ നന്ദിയും പറഞ്ഞു.

പ്രവാസി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ തിരുവനന്തപുരം നോർക്ക സെന്ററിൽ ഏകജാലക സംവിധാനമായി പ്രവർത്തിക്കുന്ന എൻ.ബി.എഫ്.സിയിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബിസിനസ് ക്ലിനിക്ക് സേവനം ലഭ്യമാണ്. കൂടാതെ, എല്ലാ മാസവും കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിൽ ത്രിദിന സൗജന്യ റെസിഡൻഷ്യൽ സംരംഭകത്വ പരിശീലനവും നൽകുന്നുണ്ട്. വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയിൽനിന്ന്), +91 8802012345 (വിദേശത്തുനിന്ന് - മിസ്ഡ് കോൾ) നമ്പറുകളിൽ ബന്ധപ്പെടാം.

date