Skip to main content

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2025-ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. സാമൂഹ്യപ്രവര്‍ത്തനം, അച്ചടി മാധ്യമം, ദൃശ്യമാധ്യമം, കല, സാഹിത്യം, കായികം (പുരുഷന്‍, വനിത വിഭാഗങ്ങള്‍), സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓരോരുത്തര്‍ക്കായി ആകെ ഒന്‍പത് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് ഇതിനായി പരിഗണിക്കുക. പുരസ്‌കാരത്തിനായി സ്വയം അപേക്ഷിക്കാന്‍ കഴിയില്ല; പകരം അതത് മേഖലകളുമായി ബന്ധപ്പെട്ട ആര്‍ക്കും അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യാം. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകള്‍ക്കുള്ള മികച്ച ക്ലബ് അവാര്‍ഡിനായും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും ലഭിക്കും. ജില്ലാതലത്തില്‍ അവാര്‍ഡ് നേടുന്ന ക്ലബുകളെയാണ് സംസ്ഥാനതല പുരസ്‌കാരത്തിനായി പരിഗണിക്കുക. സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
 
അപേക്ഷകളും നോമിനേഷനുകളും ഡിസംബര്‍ 19നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0491-2505190.

date