ജീവിതശൈലീ രോഗങ്ങളിൽ സ്ത്രീകൾ മുന്നിലെന്ന് പഠന റിപ്പോർട്ട്*
തൃശ്ശൂർ ജില്ലയിലെ മുതിർന്ന പൗരന്മാരുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ 'ജീവിത സായാഹ്നത്തിലെ നേർകാഴ്ചകൾ' പഠനത്തിൽ സ്ത്രീകളിൽ ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കൂടുതലാണെന്ന് കണ്ടെത്തി. മുതിർന്ന പൗരന്മാരിൽ 70 ശതമാനം പേർ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരാണ്. ഇതിൽ 72 ശതമാനം സ്ത്രീകളും 68 ശതമാനം പുരുഷന്മാരുമാണുള്ളത്. സ്ത്രീകളിൽ രക്തസമ്മർദ്ദം (58 ശതമാനം), പ്രമേഹം (42 ശതമാനം), കൊളസ്ട്രോൾ (41 ശതമാനം) എന്നിങ്ങനെ രോഗനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിൽ പങ്കെടുത്ത 55 ശതമാനം മുതിർന്ന പൗരന്മാരും ക്രമമായ വ്യായാമം ചെയ്യുന്നില്ല. ഇതിൽ 64 ശതമാനം സ്ത്രീകളും 43 ശതമാനം പുരുഷന്മാരുമാണ്. സ്ഥിരമായി നടത്തം ശീലമാക്കിയവരിൽ പുരുഷന്മാർ (185) സ്ത്രീകളേക്കാൾ (159) കൂടുതലാണ്. സ്ത്രീകളിലെ ജീവിതശൈലീ രോഗങ്ങളുടെ വർധനവിന് പ്രധാന കാരണം ക്രമമായ വ്യായാമത്തിന്റെ അപര്യാപ്തതയാണെന്ന് പഠനം വ്യക്തമാക്കുന്നു.
ജില്ലയിലെ ആകെ ജനസംഖ്യയിൽ 22.2 ശതമാനം മുതിർന്ന പൗരന്മാരാണ്. പഠനത്തിൽ പങ്കെടുത്തവരിൽ 37 ശതമാനം പേർക്ക് പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളില്ല. സന്ധിവേദനയാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം (40 ശതമാനം). അതേസമയം, 74 ശതമാനം പേർക്ക് ഹൃദ്രോഗം, മസ്തിഷ്ക-കരൾ-വൃക്ക രോഗങ്ങൾ, തൈറോയ്ഡ്, ക്യാൻസർ, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും 26 ശതമാനം പേർക്ക് ഇത്തരം രോഗങ്ങളുണ്ടെന്നും കണ്ടെത്തി. ഗുരുതര രോഗങ്ങളിൽ ഹൃദയസംബന്ധമായ രോഗങ്ങളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടത് (13 ശതമാനം).
വയോജനങ്ങളുടെ സാമ്പത്തിക സാഹചര്യവും പഠനത്തിൽ വിലയിരുത്തി. 77 ശതമാനം പേരുടെയും പ്രതിമാസ വരുമാനം 5,000 രൂപയിൽ താഴെയാണ്. കുറഞ്ഞ വരുമാനമുള്ളവരിൽ 85 ശതമാനം സ്ത്രീകളാണെന്ന കണ്ടെത്തൽ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ 66 ശതമാനം പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ല (സ്ത്രീകൾ 68 ശതമാനം, പുരുഷന്മാർ 64 ശതമാനം). 45 ശതമാനം പേർ സാമൂഹിക സുരക്ഷാ/ക്ഷേമ പെൻഷനെയും 18 ശതമാനം പേർ സർവീസ് പെൻഷനെയും പ്രധാന വരുമാന സ്രോതസ്സായി ആശ്രയിക്കുന്നു. ക്ഷേമ പെൻഷൻ ആശ്രയിക്കുന്നവരിൽ 47 ശതമാനം സ്ത്രീകളാണ്.
ദൈനംദിന പ്രവർത്തനങ്ങളിൽ സ്വയംപര്യാപ്തത പുലർത്തുന്നവരാണ് ഭൂരിഭാഗം വയോജനങ്ങളും. പഠനത്തിൽ പങ്കെടുത്ത 88 ശതമാനം പേർക്ക് (സ്ത്രീകൾ 83 ശതമാനം, പുരുഷന്മാർ 93 ശതമാനം) മറ്റുള്ളവരുടെ സഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നു. 12 ശതമാനം പേർക്ക് മാത്രമാണ് ദൈനംദിന കാര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളത്. 89 ശതമാനം പേർക്ക് കുടുംബാംഗങ്ങളുമായി പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്നുണ്ടെന്നും 76 ശതമാനം പേർ ഏകാന്തത അനുഭവിക്കുന്നില്ലെന്നും റിപ്പോർട്ട് ചെയ്തു. എന്നാൽ 24 ശതമാനം പേർ ഏകാന്തത അനുഭവിക്കുന്നവരാണ്. ഇതിൽ അഞ്ച് ശതമാനം പേർ പൂർണ്ണമായും ഏകാന്തത നേരിടുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൽ (37 ശതമാനം), വായന, പൂന്തോട്ടപരിപാലനം തുടങ്ങിയ ഹോബികൾ (28 ശതമാനം), ടെലിവിഷൻ/സ്മാർട്ട് ഫോൺ ഉപയോഗം (19 ശതമാനം) എന്നിവയാണ് ഒഴിവുസമയം ചെലവഴിക്കുന്ന പ്രധാന മാർഗങ്ങൾ.
വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, ക്രമമായ വ്യായാമം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, സാമ്പത്തിക സുരക്ഷ, കുടുംബ-സാമൂഹിക പിന്തുണ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യവും വർധിച്ചുവരുന്നതായാണ് പഠനത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
- Log in to post comments