Skip to main content
അയ്യന്‍ 4.0 മൊബൈല്‍ ആപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പ്രകാശനം ചെയ്യുന്നു. എം ജെ സെബാസ്റ്റ്യന്‍ എംഎല്‍എ സമീപം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയായി അയ്യന്‍ 4.0 ആപ്പ്

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരല്‍ത്തുമ്പിലെത്തിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് വികസിപ്പിച്ച നവീകരിച്ച അയ്യന്‍ 4.0 മൊബൈല്‍ ആപ്ലിക്കേഷന്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പ്രകാശനം ചെയ്തു.

ശബരിമലയിലെ പ്രധാന തീര്‍ത്ഥാടന പാതകള്‍, ദൂരവിവരങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ക്ഷേത്ര ദര്‍ശന സമയം, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. കാനനപാതകളിലെ സുരക്ഷാ നിര്‍ദേശങ്ങള്‍, വന്യജീവി സംബന്ധമായ മുന്‍കരുതലുകള്‍, പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സഹായത്തിനായി ടഛട സംവിധാനവും ഹെല്‍പ്പ്ലൈന്‍ നമ്പറുകളും നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സഹായവും ആപ്പിന്റെ പ്രത്യേകതകളാണ്. തീര്‍ത്ഥാടകരുടെ എണ്ണം, താവളങ്ങളിലെ തിരക്ക്, കാനനപാതകളിലൂടെയുള്ള യാത്ര തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക അഡ്മിന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ആറ് ഭാഷകളില്‍ ലഭ്യമായ ആപ്പ് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകളില്‍ പ്രവര്‍ത്തിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ജൈവവൈവിധ്യവും വന്യജീവികളും സംബന്ധിച്ച വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിയോപാര്‍ഡ് ടെക് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനൊപ്പം വനസംരക്ഷണവും അടിയന്തര സേവനങ്ങളുടെ ഏകോപനവും ലക്ഷ്യമിട്ടാണ് അയ്യന്‍ 4.0 ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.

date