Skip to main content
വിദ്യാരംഗം സർഗോത്സവം സംഘടിപ്പിച്ചു

വിദ്യാരംഗം സർഗോത്സവം സംഘടിപ്പിച്ചു

വടവന്നൂർ ഗ്രാമപഞ്ചായത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കൊല്ലംകോട് ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സർഗോത്സവത്തിന്റെ ഉദ്ഘാടനം വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വിൻസി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളെ വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മനുഷ്യസ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടി സംഘടിപ്പിച്ചത്. കഥാ രചന, കവിത രചന, ചിത്രരചന, ആസ്വാദനം, കാവ്യാലാപനം, നാടൻപാട്ട്, അഭിനയം എന്നിങ്ങനെ ഏഴ് ഇനങ്ങളിലുള്ള ശില്പശാലകളാണ് സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയത്. കൊല്ലങ്കോട് എ.ഇ.ഒ സൗന്ദര്യ പദ്ധതി വിശദീകരണവും സർട്ടിഫിക്കറ്റുകൾ വിതരണവും നടത്തി.

സർഗോത്സവത്തിന്റെ സമാപന ഉദ്ഘാടനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് നിർവഹിച്ചു. വടംവന്നൂർ വി.എം.എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ വടവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ രാജീവ്, വി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സിന്ധു, പിടിഎ പ്രസിഡണ്ട് പി ഹരിദാസ്, കൊല്ലംകോട് ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ ഡി മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് അംഗങ്ങൾ, പാഠ്യാനുബന്ധ സമിതി അംഗങ്ങൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date