ഓങ്ങല്ലൂരിൽ കുട്ടികൾ ഭരിച്ചു: ശ്രദ്ധേയമായി കുട്ടികളുടെ 'ഭാവിശ്രീ' ബാലപഞ്ചായത്ത്
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജ്യോതിസിന്റെ ഭാഗമായി " ഭാവിശ്രീ" എന്ന പേരിൽ കുട്ടികളുടെ ബാലപഞ്ചായത്ത് നടത്തി. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ നേതൃപാടവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലപഞ്ചായത്ത് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ തന്നെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ തുടങ്ങിയ പദവികൾ വഹിച്ചു.
എ ടി ഫാത്തിമ്മ നൈഷ ബാല പഞ്ചായത്ത് പ്രസിഡന്റും മഹറുനീസ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് ബാലപഞ്ചായത്തിന് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ബാലപഞ്ചായത്തിന്റെ ഉദ്ഘാടനം ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വിജയൻ നിർവഹിച്ചു. വിവിധ സ്കൂളുകളിൽ നടത്തിയ വിദ്യാഭ്യാസ ഗ്രാമസഭയിൽ വന്ന നിർദ്ദേശങ്ങൾ കുട്ടികളുടെ വാർഡ് മെമ്പർമാർ അവതരിപ്പിച്ചു.
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി വിജയകുമാർ, പി വി സത്യജിത്ത്, ഷക്കീല, വാർഡ് മെമ്പർമാരായ പി കെ ഉണ്ണികൃഷ്ണൻ, സി കെ ജുനൈദ്, വി ടി മുഹമ്മദ് സുബൈർ, ബാലപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി വി ശ്രീദേവ് , കെ കെ മുഹമ്മദ് മിർഷാദ്, ഫാത്തിമ മെസ്ബിൻ എന്നിവർ സംസാരിച്ചു.
- Log in to post comments