തുമ്പൂർമുഴി മാതൃകയിലുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച തുമ്പൂർമുഴി മാതൃകയിലുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റ് കെ. പ്രേമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകളിലും വനിതാ കാന്റീനിലുമുണ്ടാകുന്ന ജൈവമാലിന്യങ്ങൾ, കരിയിലകൾ തുടങ്ങിയവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാണ് യൂണിറ്റ് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, പട്ടികവർഗ വികസന ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, വി.ബി.ജി. റാം ജി ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലെ കരിയില ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങളാണ് ഇവിടെ സംസ്കരിക്കുക. യൂണിറ്റിൽനിന്ന് ലഭിക്കുന്ന ജൈവവളം ഗ്രോബാഗുകൾ ഉപയോഗിച്ച് ഓഫീസ് കോമ്പൗണ്ടിൽ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നതിന് വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് അധ്യക്ഷയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സിയാവുദ്ദീൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഹരിദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലീന ഷാഹുൽ ഹമീദ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ എ.എസ്. അജയ്കുമാർ, ബി. കാജാഹുസൈൻ, വി. പ്രസന്ന, ശശികല ശാന്തകുമാർ, മാലതി കൃഷ്ണൻ, എ. സുനിതാഭായ്, റാം മോഹൻ, ടി.വി. സജേഷ്, കെ. ബിന്ദു, എ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments