കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി
കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.പി സുമോദ് എം.എല്‍.എ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. കല്‍ക്കുളം-കുന്നുകാട്, മേലേപ്പുറം-പെരുമ്പായി, തോട്ടക്കര-പനയംപാടം, പാക്കഞ്ഞി-നിണവില് ഐ.എച്ച്.ഡി. പി എന്നീ റോഡുകളാണ് നവീകരിക്കുന്നത്.
ഓരോ റോഡിനും 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.
നെല്‍പ്പാടങ്ങളിലൂടെയും അയഞ്ഞ മണ്ണുള്ള പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഈ റോഡുകള്‍ മഴക്കാലത്തെ നീരുറവ കാരണം ഉപരിതലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും, ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരികയും ചെയ്യുന്നതായി എം.എല്‍.എ പറഞ്ഞു. സമീപത്തെ ക്രഷറുകളില്‍ നിന്നും ക്വാറികളില്‍ നിന്നുമുള്ള ഭാരവാഹനങ്ങളുടെ നിരന്തരമായ സഞ്ചാരവും റോഡ് തകരാന്‍ കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നും എം.എല്‍.എ അറിയിച്ചു.
- Log in to post comments