ജില്ലാതല അറിയിപ്പുകൾ
യു പി , വനിത ജില്ലാതല വായനാമത്സരം നവംബർ 28-ന്
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന യു പി, വനിതാ വിഭാഗങ്ങൾക്കുള്ള ജില്ലാതല വായനാമത്സരം നവംബർ 28 ന് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിൽ വെച്ച് നടക്കും. പ്രശസ്ത എഴുത്തുകാരൻ കെ എൻ പ്രശാന്ത് മത്സരം ഉദ്ഘാടനം ചെയ്യും.
ലൈബ്രറി തലത്തിലും താലൂക്ക് തലത്തിലും വിജയികളായി തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ മത്സരാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. എഴുത്തുപരീക്ഷ, ക്വിസ് മത്സരം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മികച്ച വായനക്കാരെ കണ്ടെത്തുക. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ് ആർ സി) കേരളയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൽ 2027 ജനുവരി സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി,ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉയർന്ന പ്രായപരിധിയില്ല. അവധി ദിവസങ്ങളിലാണ് ക്ലാസുകൾ . ഫോൺ: 9446060641 / 9947276162
ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ (എസ്.ആർ.സി) ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിലെ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (ഡി സി പി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് ആർ സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അംഗീകൃത പഠന കേന്ദ്രങ്ങൾ വഴിയാണ് ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നത്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം; ഉയർന്ന പ്രായപരിധിയില്ല. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക ക്ലാസുകളും സ്വയം പഠന സഹായികളും വഴിയാണ് പഠനം മുന്നോട്ടു കൊണ്ടുപോകാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ നിർബന്ധം.
പ്രോഗ്രാം ഫീസ് 16,000 രൂപ. രണ്ട് തവണകളായി ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ആദ്യ തവണ അപേക്ഷാ ഫീസായ 200 രൂപ ഉൾപ്പെടെ 8,200 രൂപയും, രണ്ടാം തവണ 8,000 രൂപയുമാണ് അടയ്ക്കേണ്ടത്.
താൽപ്പര്യമുള്ളവർ srccc.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ആധാർ കാർഡ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.
വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളം, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 33
ഫോൺ : 0471-2325101, 8281114464
ടെൻഡർ ക്ഷണിച്ചു
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മുഴപ്പിലങ്ങാട്, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന ഉച്ചക്കഞ്ഞി അരി വിവിധ ഡിപ്പോകളിലും മാവേലി സ്റ്റോറുകളിലും സുരക്ഷിതമായി എത്തിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അടുത്ത രണ്ടുവർഷത്തേക്കുള്ള വിതരണ ജോലികൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെൻഡർ സമർപ്പിക്കാം.
ടെൻഡറിനൊപ്പം നിരതദ്രവ്യമായി സിവിൽ സപ്ലൈസ് കോർപറേഷൻ ഡിപ്പോ മാനേജരുടെ പേരിൽ തളിപ്പറമ്പിൽ മാറാവുന്ന 5,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം. ദേശസാൽകൃത ബാങ്കിൽനിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റാണ് വേണ്ടത്. ടെൻഡർ ഉറപ്പിക്കുന്നവർ 25,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.
ടെൻഡറുകൾ ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുൻപായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ തളിപ്പറമ്പ് ഡിപ്പോ മാനേജർക്ക് ലഭിക്കണം. ലഭിച്ച ടെൻഡറുകൾ ഡിസംബർ 11ന് രാവിലെ 11.30ന് ഹാജരാകുന്ന ടെൻഡർ സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കും. നിബന്ധനകൾക്ക് വിധേയമായി കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ടെൻഡറിനായിരിക്കും കരാർ നൽകുക. ആവശ്യമെങ്കിൽ നിരക്ക് സംബന്ധിച്ച് ചർച്ച നടത്തും. വിശദവിവരങ്ങൾക്ക് തളിപ്പറമ്പ് ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം.
ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ട്രൈബൽ പാരാമെഡിക്സ് ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
വിവിധ പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അവസരം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലായിരിക്കും നിയമനം. ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. 21 മുതൽ 35 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ
അപേക്ഷ പൂരിപ്പിച്ച് ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്,
ഐ ടി ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടോ തപാലിലോ സമർപ്പിക്കേണ്ടതാണ്.
ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല
ഡിസംബർ 5 വൈകുന്നേരം 5.00 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കണ്ണൂർ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0471 2304594,0471 2303229
വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2027 മാർച്ച് 31 വരെ
മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി കേരള സർക്കാർ പ്രഖ്യാപിച്ച 'ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026' പ്രകാരം 2027 മാർച്ച് 31 വരെ കുടിശ്ശിക അടച്ചുതീർക്കാൻ അവസരം.
പദ്ധതി പ്രകാരം നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആകെ കുടിശ്ശികയുടെ 40 ശതമാനവും, ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും മാത്രം അടച്ച് നികുതി ബാധ്യത പൂർണ്ണമായി തീർപ്പാക്കാം. കൂടാതെ മോഷണം പോയതോ, പൊളിച്ചുമാറ്റിയതോ, പൂർണ്ണമായി നശിച്ചതോ, കണ്ടെത്താൻ കഴിയാത്തതോ ആയ വാഹനങ്ങൾക്ക് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വാഹനങ്ങൾക്കും നിബന്ധനകൾ പാലിച്ച് പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.
കുടിശ്ശികയുള്ള മുഴുവൻ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188917313.
ലക്ചറർ നിയമനം
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ടെക് / എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും മറ്റ് അനുബന്ധ രേഖകളും സഹിതം നവംബർ 30 രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2835106.
അഴിക്കൽ ഡീസൽ ബങ്കിൽ രാത്രികാല സെക്യൂരിറ്റി: അപേക്ഷ ക്ഷണിച്ചു
മത്സ്യഫെഡ് അഴിക്കൽ ഡീസൽ ബങ്കിൽ രാത്രികാല സെക്യൂരിറ്റി സേവനത്തിന് അംഗീകൃത സെക്യൂരിറ്റി ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9526041027
അദ്ധ്യാപക ഒഴിവ്
ജിഎച്ച്എസ്എസ് പുഴാതിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ 28 ന് ശനിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ 9447689500, 9496856063.
രാഷ്ട്രപതിയുടെ സന്ദര്‍ശനം; ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തി
ഏഴിമല നാവിക അക്കാദമി പാസ്സിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ 27ന് ഇന്ത്യന്‍ രാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട്, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉത്തരവിട്ടു. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്ക് പരിധിക്കുള്ളിലാണ് നവംബര്‍ 27, 28 തീയതികളില്‍ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, റിമോട്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമാനസ്വഭാവമുള്ള ഉപകരണങ്ങള്‍ എന്നിവ ജില്ലാ കലക്ടറുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
- Log in to post comments