കുന്നിൻമേൽ റോഡ് നിർമ്മാണത്തിന് തുടക്കം
കുത്തനൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ കുന്നിൻമേൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. 2026–27 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 9.75 ലക്ഷം രൂപ വിനിയോഗിച്ച് 200 മീറ്റർ ദൂരത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നാട്ടുകാർക്ക് വലിയ യാത്രാക്ലേശമാണ് വരുത്തിയിരുന്നത്. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും കാരണം കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു. നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.
നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സ്ഥലം കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഹസീന കാസിം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും സമയബന്ധിതമായി പണി പൂർത്തീകരിച്ച് റോഡ് ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
- Log in to post comments