വികസന പ്രവൃത്തികളുടെ അവലോകനയോഗം ചേർന്നു*
പുതുക്കാട് മണ്ഡലത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള വികസന പ്രവൃത്തികളുടെ അവലോകനയോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പുതുക്കാട് മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം ഘട്ട നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു.
നിർമ്മാണം പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് റോഡുകളായ കുറുമാലി-തൊട്ടിപ്പാൾ-മുളങ്ങ് റോഡ്, ചെങ്ങാലൂർ-മണ്ണംപേട്ട മാവിൻചുവട് റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തീയതി ലഭ്യമാക്കി നടത്തും. ആമ്പല്ലൂർ-പാലപ്പിള്ളി റോഡ് നവീകരണ പ്രവൃത്തികളും പൂർത്തീകരണ ഘട്ടത്തിലാണ്. രണ്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അളഗപ്പനഗർ ഗവ. എച്ച്.എസ്.എസിന്റെ കെട്ടിട നിർമ്മാണവും ഉടൻ ആരംഭിക്കും. കന്നാറ്റുപാടം ഗവ. എൽ.പി. സ്കൂൾ, പുതുക്കാട് ഗവ. ഹൈസ്കൂൾ സ്റ്റേജ് നിർമ്മാണം എന്നിവയും പൂർത്തീകരിച്ചുവരുന്നു.
വിവിധ വികസന പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. സമയബന്ധിതമായും കാലതാമസമില്ലാതെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ. യോഗത്തിൽ നിർദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മീന മദനൻ (വരന്തരപ്പിള്ളി), ടെസ്സി ജോസ് (മറ്റത്തൂർ), രമ പ്രകാശൻ (വല്ലച്ചിറ) എന്നിവരും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments