Skip to main content

ദ്വിദിന കേരള സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് (നവംബർ 27) എത്തും

ദ്വിദിന സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് (നവംബർ 27) കേരളത്തിൽ എത്തും. രാവിലെ 10.35 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തി ക്ഷേത്രദർശനം നടത്തും. അവിടെനിന്നും തൃശ്ശൂരിലേക്ക് യാത്ര തിരിക്കും. ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്‌നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയശേഷം ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെത്തി രാത്രി അവിടെ തങ്ങും.

28 രാവിലെ 8 ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയാകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മിസോറാമിലേക്ക് പുറപ്പെടും.

പി.എൻ.എക്‌സ്. 4991/2026

date