*കലയുടെ മഹോത്സവത്തിന് ജില്ല ഒരുങ്ങുന്നു 45-ാമത് ജില്ലാ റവന്യൂ സ്കൂള്‍ കലോത്സവം 23 മുതല്‍ മുട്ടിലില്‍*
കലാ-സാംസ്കാരിക മികവുകള്‍ക്ക് നിറം പകരാന്‍ 45-ാമത് ജില്ലാ റവന്യൂ സ്കൂള്‍ കലോത്സവത്തിന് മുട്ടില്‍ ഒരുങ്ങുന്നു. നവംബര്‍ 23 മുതല്‍ 26 വരെ നാല് ദിവസങ്ങളിലായി മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് കലോത്സവം അരങ്ങേറുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകള്‍ എട്ട് വേദികളിലായി നടക്കുന്ന കലാ മത്സരത്തില്‍ മൂവായിരത്തോളം പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ജില്ലയുടെ കലാ മികവുകള്‍ ഒരേ വേദിയില്‍ സംഗമിക്കുന്ന മഹോത്സവത്തെ ജനകീയമാക്കാന്‍ വിളംബര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഘാടന മികവിലും ആതിഥ്യമര്യാദയിലും മാതൃകയാകുന്ന കലോത്സവം ഒരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
നവംബര്‍ 23 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തുന്നത്തോടെ മേളയ്ക്ക് തുടക്കമാകും. സ്റ്റേജിതര മത്സരങ്ങള്‍ 23 ന് പൂര്‍ത്തിയാക്കും. 24 മുതല്‍ 26 വരെ 8 വേദികളിലായി രാവിലെ 9.30 ഓടെ സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 24 ന് വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മാനന്തവാടി എം.എല്‍.എ ഉഷ വിജയന് ഉദ്ഘാടനം ചെയ്യും. സിനിമാതാരം സണ്ണി വെയിന്‍ മുഖ്യാതിഥിയാവും. നവംബര്‍ 26 വൈകിട്ട് നാലിന് നടക്കുന്ന സമാപന യോഗം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, ഡബ്ല്യു.എം.ഒ മാനേജ്മെന്റ് ഭാരവാഹികള്‍, അധ്യാപക സംഘടനാ നേതാക്കള്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിന് 13 സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുന്നൂറോളം വളണ്ടിയര്‍മാരുടെ സേവനം മേളയുടെ സംഘാടനത്തിന് കരുത്തേകും. മത്സരങ്ങളിലെ വ്യക്തിഗത വിജയികള്‍ക്ക് ഉള്‍പ്പടെ സമ്മാനം തയ്യാറാക്കുന്നുണ്ട്. കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സംഘാടകര്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിപുലമായ ഭക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണ വേദി ക്രമീകരിച്ചിരിക്കുന്നത്. മത്സരവേദികളുടെ ഒരുക്കം, ഗതാഗത നിയന്ത്രണം, ഭക്ഷണം, താമസം, ശുചിത്വം, സുരക്ഷ, പ്രചാരണം തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി അബ്ദുല്‍ ജലീല്‍, എം നാസര്‍, സഫ്വാന് വെള്ളമുണ്ട, ഇ.മുസ്തഫ, അന്‍വര്‍ ഗൗസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments