Skip to main content
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി ചെൽസാസിനി നിർവഹിക്കുന്നു

*ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്ക്കരണ വാരാചരണത്തിന് തുടക്കം*

 

ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആസൂത്രണഭവന്‍ എ.പി.ജെ. ഹാളിൽ ജില്ലാ കളക്ടർ വി. ചെൽസാസിനി നിര്‍വഹിച്ചു. വകുപ്പുകളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകള്‍ നടത്തണമെന്നും സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന സ്വയംചികിത്സാ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് ബോധവൽക്കരണം നൽകണമെന്നും കളക്ടര്‍ പറഞ്ഞു. നിശ്ശബ്ദ മഹമാരി എന്നറിയപ്പെടുന്ന ആൻ്റിബയോട്ടിക് റെസിസ്റ്റൻസിനെതിരെ സാമൂഹ്യ സാക്ഷരത സൃഷ്‌ടിക്കുക, ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക, ശാസ്ത്രീയ അണുബാധ പ്രതിരോധ ആരോഗ്യ ശീലങ്ങളും ഏകാരോഗ്യ ജീവിതസമീപനവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഏകാരോഗ്യം, ഒരുമിച്ചുള്ള ഇടപെടൽ: എ എം ആർ ഇപ്പോൾതന്നെ തടയുക എന്നതാണ് ഈ വർഷത്തെ വാരാചരണ സന്ദേശം . സന്ദേശത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നവംബർ 24 വരെ ബോധവത്ക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .എൻ.എ.ഷീജ അധ്യക്ഷത വഹിച്ചു. ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ ഡോ.യു.അനുജ മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വി.ആർ.ഷീജ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.വി.സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എം.ആർ ജില്ലാ നോഡൽ ഓഫീസർ ഡോ .എച്ച്.ശ്രീനാഥ് വിഷയാവതരണം നടത്തി. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വെറ്ററിനറി എപ്പിഡമിയോളജി പ്രിവൻ്റീവ് മെഡിസിൻ വകുപ്പ് മേധാവി ഡോ കെ.സി.ബിപിൻ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അച്ചാമ ലെനു തോമസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.എസ്.പ്രേമൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ.മീരാ ജോർജ്, ഡോ.ടി.കെ.രമ്യ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി.സുരേഷ്, ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ജെറിൻ.എസ്.ജെറോഡ്, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം.ഫസൽ, ഫിഷറീസ് ഓഫീസർ ജലീന എന്നിവർ സംസാരിച്ചു.

date