കെ.എസ്.ഡി.സി തിരുവനന്തപുരം ജില്ലാ കാര്യാലയത്തിന് പുതിയ ഓഫീസ്; ഉദ്ഘാടനം ഇന്ന് (നവംബർ 26)
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നവീകരിച്ച തിരുവനന്തപുരം ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനവും വായ്പാ വിതരണമേളയും ഇന്ന് (നവംബർ 26ന്) പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി നിർവഹിക്കും. വൈകിട്ട് മൂന്നിന് വെള്ളയമ്പലം കനക നഗറിലെ അയ്യൻകാളി ഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും.
നിലവിൽ അയ്യൻകാളി ഭവന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ കാര്യാലയമാണ് താഴത്തെ നിലയിലെ നവീകരിച്ച ഓഫീസിലേക്ക് മാറ്റുന്നത്. വിവിധ വായ്പകൾക്കും ധനകാര്യ സേവനങ്ങൾക്കുമായി എത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ നടപ്പാക്കിയ പദ്ധതികളുടെ പൂർത്തീകരണ റിപ്പോർട്ട് പ്രകാശനവും വിവിധ വായ്പകളുടെ വിതരണവും മന്ത്രി കെ. എ. തുളസി നിർവഹിക്കും. വാമനപുരം എം.എൽ.എ സുധീർ ഷാ പാലോട് മുഖ്യാതിഥിയാകും. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ. കെ., കെ.എസ്.ഡി.സി മാനേജിങ് ഡയറക്ടർ വി. പി. സുബ്രഹ്മണ്യൻ, നഗരസഭ കൗൺസിലർ കെ. ആർ. ക്ലീറ്റസ്, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് വി, ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, കെ.എസ്.ഡി.സി ജില്ലാ മാനേജർ ഡോ. സജിത് കുമാർ. എസ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments