സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സന്ദേശമുയര്‍ത്തി കോട്ടക്കുന്നില്‍ മാരത്തണ്‍
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കണമെന്ന സന്ദേശമുയര്‍ത്തി കോട്ടക്കുന്നില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. 'ഓറഞ്ച് ദ വേള്‍ഡ്' അന്താരാഷ്ട്ര പ്രചാരണ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസും ജില്ലാ സങ്കല്പ് ഹബ് ഫോര്‍ വിമന്‍ എംപവര്‍മെന്റും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സ്വാതി ചന്ദ്രമോഹന് മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക, അതിജീവിതര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുക, കുറ്റവാളികള്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെയാണ് ബോധവത്ക്കരണ പ്രചാരണം നടക്കുന്നത്. ഗാര്‍ഹിക പീഡന നിരോധന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ശൈശവ വിവാഹം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്കെതിരെ ഒപ്പുശേഖരണവും സ്ത്രീധന നിരോധന പ്രതിജ്ഞയും നടന്നു.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ്. എല്‍. ശ്യാം ശങ്കര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഫ്രണ്ട്സ് കോട്ടക്കുന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ മാരത്തണില്‍ പങ്കാളികളായി.
- Log in to post comments