കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഞെരുക്കുന്നു; എംപിമാർ ഒറ്റക്കെട്ടായി ഇടപെടണം: മുഖ്യമന്ത്രി
*എം.പിമാരുടെ യോഗം ചേർന്നു
കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുവെന്നും അർഹമായ കേന്ദ്രഫണ്ട് നേടിയെടുക്കാൻ എം.പിമാർ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ കാലയളവിൽ 55,000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് സംസ്ഥാനത്തിന് ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ അത് പൂർണമായും ഒഴിവാക്കിയത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ജി.എസ്.ഡി.പി.യുടെ 3.5 ശതമാനമായിരുന്നു. ഇതിൽ ഊർജ്ജ മേഖലയിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട 0.5 ശതമാനം കടമെടുപ്പ് അനുവദിക്കാത്തത് തിരിച്ചടിയാണ്. കേന്ദ്ര സർക്കാർ ജി.ഡി.പി. കണക്കാക്കാൻ നടപ്പിലാക്കിയ പുതിയ മാനദണ്ഡങ്ങൾ മൂലം സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി.യിൽ 20 ശതമാനത്തോളം കുറവാണുണ്ടാകുന്നത്. ഇത് ജി.എസ്.ഡി.പിയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന വായ്പാപരിധിയിലും കുറവുണ്ടാകാൻ കാരണമാകും. ഇതു സംബന്ധിച്ച ആശങ്കകളും മറ്റ് വിഷയങ്ങളും പ്രധാനമന്ത്രിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര പദ്ധതി ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ വകുപ്പുതലത്തിൽ വീഴ്ച ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ കേന്ദ്രപദ്ധതികളെക്കുറിച്ചും എല്ലാ വകുപ്പുകളും പഠിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഡി.പി.ആർ. തയ്യാറാക്കി സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതികൾ നേടിയെടുക്കാൻ സംസ്ഥാനത്തു നിന്നുള്ള എംപിമാർ ഒരു ടീമായി നിന്ന് സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജി.എസ്.ഡി.പി കണക്കുകളിലെ കുറവ് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിച്ചശേഷം മാത്രമേ കണക്കുകൾ അന്തിമമാക്കാവൂ എന്ന ആവശ്യം പാർലമെന്റിൽ ഉന്നയിക്കണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. മിഷൻ സമുദ്രയും കൊല്ലത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടും മുൻനിർത്തി സംസ്ഥാനത്ത് പുതിയ മാരിടൈം സർവകലാശാല സ്ഥാപിക്കുന്നതിനുള്ള സാധ്യതയും യോഗത്തിൽ ഉന്നയിച്ചു. മാരിടൈം മേഖലയിലെ പഠനസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി പോളിടെക്നിക്കുകൾ വഴിയും പുതിയ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള 12 അക്കാദമിക് പ്രോഗ്രാമുകൾ നിലവിൽ കണ്ടെത്തിയിട്ടുണ്ടെന്നും അടുത്ത അധ്യയനവർഷത്തിൽ ഇതിൽ പകുതി കോഴ്സുകളെങ്കിലും ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പറമ്പിക്കുളം - ആളിയാർ പദ്ധതിയിൽ അർഹമായ ജലവിഹിതം കിട്ടാതിരിക്കുന്നത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തും.
ഈ മാസം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ അടിയന്തര ഇടപെടലുകൾ ആവശ്യമായ പദ്ധതികൾ യോഗം വിലയിരുത്തി. വിഴിഞ്ഞം - ബാലരാമപുരം റെയിൽപ്പാത പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതിനകം 541 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിൽ വിഭാവനം ചെയ്ത നോൺ-ഗവ. റെയിൽവേ വികസന മാതൃക പുന:പരിശോധിക്കണമെന്നും റെയിൽപാതയുടെ ധനസഹായം, നിർമ്മാണം, നടത്തിപ്പ് എന്നിവ കേന്ദ്ര റെയിൽവേ മന്ത്രാലയം ഏറ്റെടുക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം. പൂവാർ -വിഴിഞ്ഞം മേഖലയിൽ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണം-ഷിപ്പ് റിപ്പയർ ക്ലസ്റ്റർ, ഗ്രീൻ ബങ്കറിംഗും ഗ്രീൻ ഹൈഡ്രജനും, തുറമുഖ ശേഷിയും തുറമുഖ അനുബന്ധ വ്യവസായവും, ലോജിസ്റ്റിക്സ് പാർക്കുകൾ, റെയിൽ, റോഡ് തുടങ്ങിയ വിഷയങ്ങളും മെമ്മോറാണ്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക ധനസഹായം പദ്ധതി, സി.ആർ. ഇസഡ് വിജ്ഞാപനം പുന:പരിശോധിക്കണമെന്ന ആവശ്യം, ഊർജമേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധിപ്പിച്ച അധിക വായ്പാ പരിധി സംബന്ധിച്ചും യോഗം വിലയിരുത്തി.
ദേശീയപാത 66 ന്റെ ഭൂമി ഏറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതം, പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ, തിരുവനതപുരം ഔട്ടർ റിംഗ് റോഡ്, തുടങ്ങി മുഖ്യമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിഷയങ്ങളിലും കേന്ദ്ര സർക്കാരിന്റെ അനുകൂല തീരുമാനത്തിനായി എം.പി മാരുടെ ഇടപെടൽ ഉണ്ടാകണം. ഇ എസ് എ പ്രശ്നം പരിഹരിക്കുന്നതിന് ഒന്നാം ഘട്ടത്തിൽ സംസ്ഥാനം അന്തിമമായി ശുപാർശ ചെയ്ത 98 വില്ലേജുകൾ (8590.69 ച.കി.മി) ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, രണ്ടാം ഘട്ടമായി ഒഴിവാക്കാൻ ശുപാർശ ചെയ്ത 33 വില്ലേജുകളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സമവായത്തിന് ശേഷം തീരുമാനമെടുക്കുക എന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പാർലമെന്റ് അംഗങ്ങൾ ഒറ്റക്കെട്ടായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു.
മന്ത്രിമാരായ സണ്ണി ജോസഫ്, കെ. മുരളീധരൻ, കെ എം ഷാജി, പി സി വിഷ്ണുനാഥ്, എംപിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും എം.പി മാരായ എൻ കെ പ്രേമചന്ദ്രൻ, ബെന്നി ബെഹന്നാൻ, ഡീൻ കുര്യാക്കോസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി ഉമേഷ് എൻ എസ് കെ എന്നിവർ കോൺഫറൻസ് ഹാളിലും പങ്കെടുത്തു.
പി.എൻ.എക്സ്. 4971/2026
- Log in to post comments