കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് സ്റ്റേഡിയത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഫസീല നാസർ അധ്യക്ഷത വഹിച്ചു. ആദ്യദിനത്തിൽ ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, കബഡി, നീന്തൽ മത്സരങ്ങൾ നടന്നു.
ഏഴ് ദിവസങ്ങളിലായി വിവിധ വേദികളിലാണ് കേരളോത്സവം നടക്കുന്നത്. നവംബർ 26-ന് കൊട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലാമത്സരങ്ങളും 27-ന് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ കായിക ഇനങ്ങളും നടക്കും. ഡിസംബർ അഞ്ചിന് കേരളോത്സവം സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.പി അബ്ദു ഷുക്കൂർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കബീർ മുതുപറമ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എ ലത്തീഫ്, സഫിയ ഹസൻ, കെ.ടി സക്കീർ ബാബു, അഡ്വ. ഖദീജ ചുണ്ടത്തിൽ, ബി.ഡി.ഒ ഐ.പി ഷംലി, ജോയിന്റ് ബി.ഡി.ഒ പി.സി ചാൾസ്, രാജു പടുവിൽ, പി.കെ മുഹമ്മദ് ഷഫീക് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments