മാറഞ്ചേരിയിൽ 'ഡിസ്ട്രിക്ട് കണക്ട്' പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
'ജില്ലാ ഭരണകൂടം പഞ്ചായത്തുകളിലേക്ക്' എന്ന ആശയത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ 'ഡിസ്ട്രിക്ട് കണക്ട്' പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ആറാമത്തെ 'ഡിസ്ട്രിക്ട് കണക്ട്' പരിപാടിയാണ് മാറഞ്ചേരിയിൽ നടന്നത്.
പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം തേടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അദാലത്തിൽ നൂറിലധികം പരാതികൾ ലഭിച്ചു. ലഭിച്ച പരാതികൾ പോർട്ടലിൽ അപ്ലോഡ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പരാതികൾ കേൾക്കുന്നതിനൊപ്പം പ്രദേശത്തെ പ്രധാന വികസന പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഏറെ നാളായി തകർന്നുകിടക്കുന്ന കൃഷ്ണപ്പണിക്കർ റോഡ്, തകർന്ന കൈവരികളുള്ള മാറാടിപ്പാലം, കുണ്ടുകടവിലെ പുറമ്പോക്ക് ഭൂമി തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്.
ഉദ്ഘാടന ചടങ്ങില് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം സുലൈഖ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ്, ഷിജിൽ മൂക്കാല, ഐഷ നെസ്നി, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments