ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന് പത്തനംതിട്ടയില്‍ തുടക്കം
ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഉയര്‍ത്തുന്ന ആരോഗ്യഭീഷണികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.കെ. രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു. ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് അധ്യക്ഷത വഹിച്ചു.
ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നത് ലോകം നേരിടുന്ന പ്രധാന ആരോഗ്യവെല്ലുവിളികളിലൊന്നാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും നിര്‍ദേശിച്ച അളവിലും കാലയളവിലും മരുന്നുകള്‍ കഴിക്കാതിരിക്കുന്നതും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വര്‍ധിക്കാന്‍ കാരണമാകുന്നു. നവംബര്‍ 18 മുതല്‍ 24 വരെയാണ് ആന്റിമൈക്രോബിയല്‍ പ്രതിരോധ ബോധവല്‍ക്കരണ വാരമായി ആചരിക്കുന്നത്.
കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ അസിസ്റ്റന്റ് സര്ജന് ഡോ. ലക്ഷ്മി ബാലരാമന് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മാത്യു ജെ. വളാംപറമ്പില്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെനി സൂസന് മാത്യു, ശരണ്യ വിജയന്, ഉണ്ണികൃഷ്ണന് നായര്‍, ജോണ്‍ ചാണ്ടി, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്. ദീപ, എം.പി. ബിജുകുമാര്‍, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജിമ പൗലോസ് എന്നിവര്‍ പങ്കെടുത്തു.
ആന്റിബയോട്ടിക്കുകളുടെ ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിന്റെ ഭീഷണിയെക്കുറിച്ച് പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍ അവബോധം ശക്തിപ്പെടുത്തുന്നതിനുമായി പൊയ്യാനില്‍ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.
പൊതുജനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം അമിത ഉപയോഗം സ്വയം ചികിത്സ എന്നിവ അരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക് ഉപയോഗിക്കുക.
ബാക്ടീരിയ മൂലമുള്ള ചില രോഗങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമുള്ളൂ. പനി ചുമ ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങള്‍ ഭൂരിഭാഗവും വൈറസുകള്‍ മൂലമാണ് അവ ഭേദമാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
ആന്റിബയോട്ടിക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.
ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കണം എന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
ചികിത്സയ്ക്കുശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ പിന്നീട് വീണ്ടും ഉപയോഗിക്കരുത്.
അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്ക് മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിക്കോ ഫാര്മസിക്കോ കൈമാറുക.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ പൂര്‍ണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്ന് കാരണത്താല്‍ അവ ഇടയ്ക്ക് വച്ച് നിര്‍ത്തരുത്.
ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിച്ച മരുന്നുകള്‍ വാങ്ങി കഴിക്കുകയുമരുത്.
കോഴി വളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകള്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളര്‍ച്ച കൂട്ടാനായി ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്.
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും ഉത്തമം അണുബാധകള്‍ തടയുകയാണ്. അതിനായി അടിക്കടി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. ലഭ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കുക. രോഗികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക.
- Log in to post comments