ജില്ലാതല കേരളോത്സവം- ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ഡിസംബര്‍ 10 മുതല്‍ 13 വരെ കോഴഞ്ചേരിയിലാണ് കേരളോല്‍സവം. . പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി ഗവ. ഹൈസ്കൂള്‍ ബിആര്‍സി ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. പരിപാടി മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, സന്നദ്ധ സേനകള്‍ തുടങ്ങിയവയുടെയും പിന്തുണ ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. എംപി, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍ എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഘാടകസമിതിയുടെ ചെയര്‍പേഴ്സണും വൈസ് പ്രസിഡന്റ് വര്‍ക്കിംഗ് ചെയര്‍പേഴ്സണും ആകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറാണ്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരും മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും
വൈസ് ചെയര്‍പേഴ്സണ്‍
മാരാകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചെയര്‍പേഴ്സണ്‍മാരായി 12 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കോഴഞ്ചേരിയിലെ വിവിധ സ്കൂളുകളും കോളജുകളും കലാകായിക മത്സരങ്ങള്‍ക്ക് വേദിയാകും. കോഴഞ്ചേരി സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമാകും. നാല് ദിവസവും വിവിധ കലാ-കായിക പരിപാടികള്‍ അരങ്ങേറും. യൂത്ത് ഫോറവും സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എം വി അമ്പിളി, ജി സതീഷ് ബാബു, ജൂലി സാബു ഓലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് സന്തോഷ് കുമാര്‍, സ്റ്റെല്ല തോമസ്, ബിജു ടി ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി ജി ഹരികൃഷ്ണന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ നെജോമോന്‍, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ ഷീജ, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments